ചലോ ചലോ ചാലക്കുടി

പനിനീർ തളി കുറയ്ക്കണേ...
യു.പി. വിഭാഗത്തിലെ മൂന്നു ടീമുകളിൽ ചില കുട്ടികളെ ഒപ്പന വേദി വീഴ്ത്തി. മത്സരമെല്ലാം കഴിഞ്ഞ് അധികൃതർതന്നെ മൈക്കിലൂടെ വേദി ശരിയല്ലെന്നു സമ്മതിച്ചു. പരിഹാരവും സദസ്യരെ അറിയിച്ചു. അടുത്ത മത്സരത്തിന് കാത്തിരിക്കുന്ന ഹൈസ്‌കൂൾ കുട്ടികളുടെ അറിവിലേക്കായിരുന്നു പരിഹാര നിർദേശങ്ങൾ. അവ ഇങ്ങനെ:
1) ഒപ്പന കളിക്കുന്ന കുട്ടികൾ കൊണ്ടു വരുന്ന പനിനീര് കുറച്ചു മാത്രം തളിക്കുക. പ്രതീകാത്മകമായി തളിച്ചാൽ മതിയാകും.
2)ഓരോ മത്സരം കഴിയുമ്പോഴും വേദി തുടച്ചു വൃത്തിയാക്കാൻ ആളുകളെ ഏർപ്പാടാക്കിയിട്ടുണ്ട്.
എന്നാൽ യു.പി. വിഭാഗത്തിൽ കളിച്ച കുന്നംകുളം ബഥനി സെന്റ് ജോൺസ് ഹയർസെക്കൻഡറിയിലെ കുട്ടികൾ, പനിനീരൊന്നുമല്ല വീഴാൻ കാരണമെന്നാണ് പറഞ്ഞത്. പലകയിട്ട് നിരത്തിയ വേദിയിലെ വിടവിൽ വിരൽ കുടുങ്ങിയാണ് ആ ടീമിലെ അനഘ വീണത്.
എന്നാൽ അനഘ വീണത് സദസ്സിന്റെ ഏറ്റവും മുന്നിലിരുന്ന അച്ഛൻ സതീഷുപോലും അറിഞ്ഞില്ല. വിധികർത്താക്കളും സ്‌റ്റേജിലിരുന്നവരും കാണുകയും ചെയ്തു. കഴിഞ്ഞ കൊല്ലത്തെ ഒന്നാം സ്ഥാനക്കാരാണ് അനഘയും സംഘവും. പരിഹാരനിർദേശങ്ങൾ ഹൈസ്‌കൂൾവിഭാഗത്തിൽ പ്രാവർത്തികമാക്കി. അകന്നിരുന്ന പലകകൾ അടുപ്പിച്ചു വയ്ക്കുകയും ചെയ്തു. ഓരോ മത്സരം കഴിഞ്ഞപ്പോഴും വേദി തുടച്ചു വൃത്തിയാക്കുന്നതും കണ്ടു.
ആദ്യമായെത്തി,
ഗായത്രിക്ക്‌ സ്ഥാനം ഒന്ന്‌


ജില്ലാ കലോത്സവവേദിയിൽ ആദ്യമായെത്തിയ ഗായത്രിക്ക്‌ ചുവട്‌ പിഴച്ചില്ല. നേടിയത്‌ ഒന്നാംസ്ഥാനം. കടിഞ്ഞൂൽ കുഞ്ഞിന്റെ   കാതുകുത്താൻ കൊതിച്ച ദിവസം കുഞ്ഞ് മരിച്ചുപോയ അമ്മയുടെ  ദുരവസ്ഥയാണ് ഗായത്രി അവതരിപ്പിച്ചത്. ഹൈസ്‌കൂൾ വിഭാഗം നാടോടിനൃത്തത്തിലാണ് ഒന്നാംസ്ഥാനവും എ ഗ്രേഡും സ്വന്തമാക്കിയത്. അഞ്ചാം വയസ്സിൽ നൃത്തപഠനം തുടങ്ങിയ ഗായത്രി ഒന്നാംക്ലാസിൽ തന്നെ വേദികളിലെത്തി.
മറ്റത്തൂർ ശ്രീകൃഷ്ണ ഹൈസ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. കൊടകര മറ്റത്തൂർകുന്ന് ആനയങ്കണ്ടത്ത് മധുസൂദനന്റെയും ബിന്ദുവിന്റെയും മകളാണ്.

മോണോആക്‌ട്‌
വേദിയിൽ അലറൽത്തന്നെ

മോണോആക്റ്റിൽ അലർച്ച കുറയ്ക്കണമെന്ന് കലോത്സവ മാനുവൽ പരിഷ്‌കരിച്ചപ്പോൾ പറഞ്ഞിരുന്നെങ്കിലും ആരും അത്ര ഗൗനിച്ച മട്ടില്ല. തൊണ്ടപൊട്ടിത്തന്നെ ചിലർ അലറി. സദസ്സിൽ ഇരിക്കുന്നവർക്ക് ശബ്ദം അരോചകമായി മാറിയ സന്ദർഭങ്ങളുമുണ്ടായി.
  പങ്കാളിത്തത്തിലെ എണ്ണത്തിൽ മുന്നിൽ പെൺകുട്ടികൾതന്നെ. ‘ഞങ്ങൾ പേരില്ലാത്തവരല്ല, നരസിംഹാവതാരങ്ങൾ’ ‘കണ്ണ് മൂടിക്കെട്ടിയ ഗാന്ധാരിമാരല്ല, കണ്ണ് തുറന്ന് കണ്ട കുന്തിമാരാണ് ആവേണ്ടത് ’, ‘കുഞ്ഞ് ഗർഭപാത്രത്തിലും സുരക്ഷിതമല്ല’ തുടങ്ങിയ വാചകങ്ങൾ അലയടിച്ചു. അക്രമരാഷ്ട്രീയത്തോടുള്ള എതിർപ്പ്, പീഡനമേൽക്കുന്ന സ്ത്രീത്വം, അനാഥമാക്കപ്പെടുന്ന പെൺബാല്യം ഇങ്ങനെയും ഉണ്ടായി വിഷയങ്ങൾ.
യു.പി. വിഭാഗം മോണോആക്റ്റിൽ പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും എ ഗ്രേഡ് ആയിരുന്നു. കൈയിലൊതുങ്ങാത്ത വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിനാൽ കുട്ടികളുടെ സ്വാഭാവിക അഭിനയ മികവിനെ അത് ബാധിക്കുന്നുണ്ടെന്ന്‌ വിധികർത്താക്കളും അഭിപ്രായപ്പെട്ടു.

വാഹനമില്ല;
കുട്ടികൾ ഓടടാ ഓട്ടം...

വേദികൾ തമ്മിൽ അകലം കൂടിയത് മത്സരാർഥികൾക്ക്‌ പെടാപ്പാടായി. വാഹനസൗകര്യം ഏർപ്പെടുത്തുമെന്നു സംഘാടകർ പറഞ്ഞത് പാഴ്‌വാക്കായി.
ഒന്നിലധികം ഇനങ്ങളിൽ മത്സരിക്കേണ്ടവരാണ് കൂടുതൽ കഷ്ടപ്പെട്ടത്. പ്രധാനവേദിയായ എസ്.എച്ച്. സ്കൂളിൽനിന്ന്‌ രണ്ടും മൂന്നും കിലോമീറ്റർ താണ്ടി വേണം മറ്റ് വേദികളിലെത്താൻ. വി.ആർ. പുരത്തുള്ള ചാത്തൻമാസ്റ്റർ സ്മാരക ഹാളിലേക്കും ഗവ. എച്ച്‌.എസ്.എസിലേക്കും എസ്.എച്ച്. സ്‌കൂളിൽനിന്ന്‌ രണ്ടര കിലോമീറ്റർ ദൂരമുണ്ട്‌.
കൂടപ്പുഴ ഫാസ് ഓഡിറ്റോറിയം പ്രധാന മത്സരങ്ങൾ അരങ്ങേറുന്ന വേദികളിലൊന്നാണ്. ഇവിടേക്ക് മൂന്നു കിലോമീറ്ററുണ്ട്. ചാലക്കുടി എസ്.എൻ. ഹാളിലേക്ക് രണ്ട് കിലോമീറ്ററാണ് ദൂരം. ഭക്ഷണം നൽകുന്ന ക്രസന്റ് കൺവെൻഷൻ സെന്റർ പ്രധാനവേദിയിൽനിന്ന്‌ രണ്ട് കിലോമീറ്റർ അകലെയും.

മൂകാഭിനയത്തിൽ
ന്യൂജൻ ഭവിഷ്യത്തുകൾ

ന്യൂജൻ ഭവിഷ്യത്തുകളെ അവതരിപ്പിച്ച്‌ മൈം(മൂകാഭിനയം) ശ്രദ്ധ നേടി. ബ്ലുവെയിലിന്റെ നിർദേശത്തിൽ മാതാവിനെവരെ കൊല്ലുന്ന യുവത്വത്തെയാണ്‌ ചിലർ അവതരിപ്പിച്ചത്‌. മാള സെന്റ് ആന്റണീസ് സ്കൂളിനാണ്‌ ഒന്നാംസ്ഥാനം.
സംവിധാനം ഉമ്മ;
ഒന്നാം സമ്മാനം മകൾക്ക്‌

ഉമ്മയും മകളും ചേർന്ന് ഒരുക്കിയ ഏകാഭിനയത്തിന്‌ പെൺകുട്ടികളുടെ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം. ദിൽഷാന ദിൽഷാദും ഉമ്മ ഷീബ ദിൽഷാദും ചേർന്ന് നടത്തിയ ചർച്ചയിൽ നിന്നാണ് ഏകാഭിനയം രൂപപ്പെട്ടത്. ആശയത്തിന് വീഡിയോകളെ ആശ്രയിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മാറ്റിയും പുതുക്കിയുമാണ് സമ്മാനാർഹമായത് ഒരുക്കിയത്. 
   മുതിർന്ന ക്ലാസുകാരികളെ പിന്നിലാക്കിയാണ് എട്ടാം ക്ലാസുകാരിയായ ദിൽഷാനയുടെ വിജയം. കണ്ടശാംകടവ് എസ്.എച്ച്. ഓഫ് മേരീസ് സി.ജി.എച്ച്.സ്‌കൂളിലെ വിദ്യാർഥിയാണ്. സിനിമാ സംവിധായകൻ പ്രിയനന്ദനന്റെ മകൻ അശ്വഘോഷൻ ക്യാമറാമാനായ ‘പന്ത്’ എന്ന സിനിമയുടെ ടൈറ്റിൽ സോങ്ങിലും ‘സ്‌നേഹവർഷം’ എന്ന ആൽബത്തിലും അഭിനയിച്ചിട്ടുണ്ട് ദിൽഷാന.
നിർഭയബാല്യങ്ങളെ കൈവിടരുതെന്ന സന്ദേശമായിരുന്നു മോണോആക്ടിന്റെ ഉള്ളടക്കം. ‘ഹേ അമ്മമാരെ, നിങ്ങൾക്ക് വേണ്ടാത്ത ആ പിഞ്ചുമക്കളെ എനിക്ക് താ. ഒരു ചെടിക്കും പൂവിനും പേരില്ലാത്ത അനാഥ ഉദ്യാനത്തിൽ ഞാൻ അവരെ കൊണ്ടുപോയി ഒളിപ്പിച്ചുകൊള്ളാം, അമ്മയായിട്ടല്ല പൂതമായിട്ടു തന്നെ’ എന്ന് അമ്മമാരോട് വിളിച്ചുപറയുന്ന പൂതത്തിന്റെ അഭ്യർത്ഥനയോടെയാണ് അവസാനം.
ആനന്ദിന്റേത്‌ കലാകുടുംബം
ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ മോണോആക്റ്റ് (ഏകാഭിനയം) മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആനന്ദ് വർമയുടെ വീട് ഒരു കലാകേന്ദ്രമാണ്. അച്ഛൻ രാജേന്ദ്രവർമ തായമ്പക കലാകാരൻ. അമ്മ അംബികാവർമ അക്ഷരശ്ലോകത്തിന്റെ ലോകത്ത്. ആനന്ദിെന്റ അനിയത്തി ആറാം ക്ലാസുകാരി പാർവ്വതി ഓട്ടൻതുള്ളൽ പഠിക്കുന്നു. മത്സരിക്കുന്നുമുണ്ട്.
2015-ൽ ഓട്ടൻതുള്ളലിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനം ആനന്ദ് വർമക്കായിരുന്നു. അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ്‌. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ആനന്ദ്.
   അതേ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയാണ് അമ്മ. അച്ഛൻ ഇരിങ്ങാാലക്കുടയിൽ തപാൽ വകുപ്പിൽ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ വർഷവും മോണോആക്റ്റിലും ഓട്ടൻതുള്ളലിലും ആനന്ദ് വർമ തന്നെയായിരുന്നു ഒന്നാംസ്ഥാനത്ത്.

No comments:

Post a Comment