സാമൂഹികപ്രശ്‌നങ്ങള്‍ കുച്ചിപ്പുഡിക്ക് വിഷയമാക്കി ജസ്‌നിയ ഒന്നാമത്‌

ഗോവധവിവാദങ്ങള്‍ മുതല്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന വിവാഹമോചനം വരെ... ജസ്‌നിയ ജയ്ദീഷ് കുച്ചിപ്പുഡിയിലൂടെ വേദിയിലവതരിപ്പിച്ചത് രാജ്യം ഇന്ന് നേരിടുന്ന സാമൂഹികപ്രശ്‌നങ്ങള്‍. ദൈവസ്തുതികളും പുരാണകഥകളും മാത്രം വിഷയമാകുന്ന കുച്ചിപ്പുഡി അവതരണങ്ങളില്‍നിന്ന് വഴിമാറി, സമകാലിക സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന വേറിട്ട ആശയവുമായി ജസ്‌നിയ വേദി കീഴടക്കി. ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുഡിയില്‍ ഒന്നാംസ്ഥാനവും സ്വന്തമാക്കി.

ജസ്‌നിയയുടെ നൃത്താധ്യാപകനായ തൃശ്ശൂര്‍ കണ്ണനാണ് പാട്ടെഴുതിയതും നൃത്തസംവിധാനം നിര്‍വഹിച്ചതും. പരമ്പരാഗത ശൈലിയില്‍നിന്ന് മാറിച്ചിന്തിക്കാന്‍ ജസ്‌നിയയെ പ്രേരിപ്പിച്ചതും കണ്ണന്‍തന്നെ. എന്തായാലും പരീക്ഷണത്തില്‍ ഗുരുവും ശിഷ്യയും നൂറുശതമാനവും വിജയിച്ചു..

ഞായറാഴ്ച നടന്ന മോഹിനിയാട്ടം മത്സരത്തില്‍ ജസ്‌നിയ രണ്ടാംസ്ഥാനം നേടിയിരുന്നു. കഴിഞ്ഞവര്‍ഷം സംസ്ഥാന കലോത്സവത്തില്‍ കുച്ചിപ്പുഡിയില്‍ മൂന്നാംസ്ഥാനവും ഭരതനാട്യത്തില്‍ നാലാംസ്ഥാനവും മോഹിനിയാട്ടത്തിന് എ ഗ്രേഡും ഈ നര്‍ത്തകി നേടിയിരുന്നു. പാവറട്ടി സി.കെ.സി.ജി.എച്ച്.എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ ജസ്‌നിയ ദുബായില്‍ ഉദ്യോഗസ്ഥനായ ജയ്ദീഷിന്റെയും അമ്പിളിയുടെയും മകളാണ്. സഹോദരന്‍ ജസ്‌നിത്ത് പ്ലസ് ടു വിദ്യാര്‍ഥിയാണ്.

സുരേഷ് നാരായണന്‍ സംവിധാനംചെയ്ത 'പ്രേമാഞ്ജലി' എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും ജസ്‌നിയയാണ്. സിനിമ ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്.

No comments:

Post a Comment